മൂന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും ഒരു യുവാവ് ഉപദ്രവിക്കുകയാണെന്ന ആരോപണവുമായി നടി പ്രവീണ. മൂന്ന് വർഷമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരാൾ അപകീർത്തിപ്പെടുത്തുന്നെന്ന് കാണിച്ച് നടി മുമ്പ് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തന്റെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തെന്നായിരുന്നു പരാതി. കേസിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.
കോടതി പ്രതിയെ മൂന്ന് മാസം റിമാൻഡ് ചെയ്തിരുന്നെങ്കിലും, ഒരുമാസത്തിനുള്ളിൽ ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്നിങ്ങോട്ട് അയാൾ പ്രതികാരം തീർക്കുകയാണെന്ന് നടി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘എന്റെ നൂറോളം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് അയാൾ ഉണ്ടാക്കിയത്. എന്റെ മോളെപ്പോലും വെറുതെവിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ എല്ലാവർക്കും അയച്ചു. എനിക്ക് ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.’ – നടി പറഞ്ഞു.
Discussion about this post