കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സിനിമാരംഗത്ത് നിന്ന് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അന്വേഷണസംഘം കോടതിക്ക് മുന്നിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും സമർപ്പിച്ചിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആരംഭിച്ചത്. മാർച്ച് ഒന്നിന് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ നിലവിലെ സാഹചര്യത്തിൽ മൂന്നുമാസത്തെ സമയം കൂടി ആവശ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അല്പസമയത്തിനകം കേസ് കോടതി പരിഗണിക്കും. അതേസമയം, വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
Discussion about this post