കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യം തെളിയാൻ നടൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ എതിർത്തു.
ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറയുന്നു.
ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ തെളിവുകളടക്കം നിരവധി തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും മുഖ്യസൂത്രധാരനാണ് ദിലീപ്. 20 സാക്ഷികൾ കൂറുമാറിയതും ദിലീപ് സ്വാധീനിച്ചതുകൊണ്ടാണ്. പ്രതിയായത് മുതൽ കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post