പയ്യോളി: ആശുപത്രിയും സ്കൂളുകളുകളും ക്ഷേത്രവും സമ്പന്നമാക്കിയ പ്രദേശത്തേക്ക് റോഡ് മുറിച്ചുകടന്ന് പോവുന്നതിന് ഫൂട്ട്ഓവർ ബ്രിഡ്ജ് സംവിധാനം ഏർപ്പെടുത്തുന്നത് വൃദ്ധർക്കും കുട്ടികൾക്കും പ്രയാസകരമാണെന്നും ഇത്തരം ജനവിരുദ്ധ വിഷയങ്ങൾക്കെതിരെ, ഭരിക്കുന്നത് ഏത് പാർട്ടിയെന്ന് നോക്കാതെ ഒന്നിച്ചണിനിരക്കുകയാണ് വേണ്ടതെന്നും ടി ടി ഇസ്മായിൽ അഭിപ്രായപ്പെട്ടു. പെരുമാൾപുരത്ത് ദേശീയ പാതയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കർമസമിതി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യോളി നഗരസഭ അധ്യക്ഷൻ ഷഫീഖ് വടക്കയിൽ ആമുഖപ്രസംഗം നടത്തി. ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, രാജൻ ചേലക്കൽ, മഠത്തിൽ അബ്ദുൾ റഹിമാൻ, ജയകൃഷ്ണൻ ചെറുകുറ്റി, ബഷീർ മേലടി, പി വിശ്വൻ, ബാസിത്, സി കെ ഫൈസൽ, ടി ഖാലിദ് പ്രസംഗിച്ചു.

മൂവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന പയ്യോളി ഹൈസ്കൂൾ, ആയിരത്തിലധികം കുട്ടികളുള്ള തൃക്കോട്ടുർ യു പി സ്കൂൾ, നൂറുക്കണക്കിന് രോഗികൾ ദിനേന എത്തുന്ന മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെറ്റിനറി ആശുപത്രി എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന

പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് കർമസമിതി ഉപവാസ സമരം സംഘടിപ്പിച്ചത്. തുടർന്ന്, ഹൈസ്കൂൾ പരിസരത്ത് ഇന്ന് വൈകീട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്ന് മനുഷ്യച്ചങ്ങല തീർക്കും.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി


Discussion about this post