കോഴിക്കോട്: തട്ടുകടയിൽ കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്. ആസിഡ് ഉള്ളിൽച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്.
ബീച്ചിലെ തട്ടുകടയിൽ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. രാസവസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അൽപ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടൻ ഛർദ്ധിച്ചു. ഛർദ്ധിച്ചത് സുഹൃത്തിന്റെ ദേഹത്തേക്ക് ആയിപ്പോയി. സുഹൃത്തിന്‍റെ ചുമലും പുറത്തിന്‍റെ മേൽഭാഗവും ആസിഡ് വീണു പൊള്ളി കരിവാളിച്ച നിലയിലാണ്.
ആസിഡ് കുടിച്ച കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു മെഡിക്കൽ കോളജിലേക്കു അയയ്ക്കുകയുമായിരുന്നു. കുട്ടിയെ പിന്നീടു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.
Discussion about this post