തിരുവനന്തപുരം: നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പിടിയിൽ. വെഞ്ഞാറമൂട് സ്വദേശി ദിലീപിനെയാണ് വീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും ആറ് ബോട്ടിൽ ഹാഷിഷ് ഓയിൽ, 1200 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, നാടൻ ബോംബ് എന്നിവ പിടിച്ചെടുത്തു.
ഇയാളിൽ നിന്നും നാല് ലക്ഷത്തോളം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതു കൂടാതെ തെലങ്കാന സർക്കാർ വിതരണം ചെയ്യുന്ന റേഷൻ അരിയുടെ 11 ചാക്കുകളും ദിലീപിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ലഹരിക്കടത്തിനായി ഇയാൾ ഉപയോഗിച്ചിരുന്നത് റേഷൻ അരിയുടെ ചാക്കുകളാണെന്നാണ് പൊലീസ് നിഗമനം.
ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹരിയുടെ ചില്ലറ വിൽപന വീട്ടിൽ നടത്തിയിരുന്നത് പ്രഭുല്ലയാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
Discussion about this post