വടകര : വടകര ലിങ്ക് റോഡിലെ അപകടത്തിൽ സ്ത്രീ മരണപ്പെടാൻ ഉണ്ടായ കാരണം നഗരസഭയുടെയും പോലീസിന്റെയും അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. റോഡിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ റോഡിന്റെ അശാസ്ത്രത്തെ പറ്റി ധാരാളം പരാതികൾ ഉയർന്നിരുന്നുവെങ്കിലും ആയതൊന്നും പരിഗണിക്കാതെയും പ്രശ്നങ്ങൾ പരിഹരിക്കാതെയും റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത നഗരസഭയാണ് മരണത്തിന്റെ ഒന്നാം ഉത്തരവാദി എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ലിങ്ക് റോഡ് വഴി ഗതാഗത പരിഷ്കരണം നടപ്പിലാക്കിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി എന്ന് മാത്രമല്ല ലിങ്ക് റോഡിലുള്ള അപകടവും വർദ്ധിച്ചു. ആയതിനാൽ ലിങ്ക് റോഡിന്റെ അശാസ്ത്രീയത പരിഷ്കരിച്ചതിനുശേഷം മാത്രമേ ഗതാഗതത്തിന് അനുവാദം നൽകാവൂ എന്നും, ലിങ്ക് റോഡ് വഴിയുള്ള ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വടകര ടൗണിൽ ഇപ്പോൾ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്കിന് മുഖ്യകാരണം ലിങ്ക് റോഡിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണമാണ്. രണ്ട് ജീവനുകളാണ് അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ലിങ്ക് റോഡിൽ പൊലിഞ്ഞത്. ലിങ്ക് റോഡിൽ ബസുകൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിന് പകരം പഴയ ബസ് സ്റ്റാൻഡിലേക്ക് പാർക്കിംഗ് മാറ്റണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് സി നിജിൻ പറഞ്ഞു.
Discussion about this post