കൊയിലാണ്ടി: നടുവത്തൂരിലെ ആനപ്പാറ ക്വാറിയുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം.സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ട് എസ് ഐ മാർക്കും എ എസ് ഐക്കും രണ്ട് സമരക്കാർക്കും പരിക്ക്. ഇവരെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐ എം എൽ അനൂപ്, ഗ്രേഡ് എസ് ഐ കെ ടി രഘു, എ എസ് ഐ ദേവാനന്ദ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാർ. കെ അജസ്‌ന ,ഗിരിജ എന്നീ സമരക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പി കെ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു.
ഇന്ന് 12 .30 യോടെ പോലീസ് സംരക്ഷണത്തിൽ ക്വാറിയിൽ നിന്നും ലോറി പുറത്തേക്ക് കൊണ്ടുപോകാനൊരുങ്ങിയതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് പറയുന്നു.ഈ ശ്രമം സമരക്കാരായ സ്ത്രീകൾ തടയുകയായിരുന്നു. തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് പോലീസിന് പരിക്കേറ്റത്.
അതേസമയം, സ്ഥലത്ത് വനിതാ പോലീസുകാരുണ്ടായിട്ടും പുരുഷ പോലീസുകാർ അതിക്രമം കാണിച്ചുവെന്ന് ക്വാറി വിരുദ്ധ സമര സമിതിയുടെ ചെയര്മാന് സുകേഷ്, പയ്യോളി വാർത്തകളോട് പ്രതികരിച്ചു.
കഴിഞ്ഞ ഒരു മാസമായി നടുവത്തൂരിലെ ആനപ്പാറ ക്വാറിക്കെതിരെ നാട്ടുകാർ സമരം തുടരുകയാണ്. ഇന്നലെ ക്വാറി മാനേജരെ അക്രമിച്ചുവെന്ന കേസിൽ രണ്ടു സമരക്കാർ അറസ്റ്റിലായിരുന്നു. നടുവത്തൂർ കുപ്പേരിക്കണ്ടി അസിൻ ദാസ് (25 ), നടുവത്തൂർ പൂവൻ കണ്ടി ജിതേഷ് (35) എന്നിവർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. ഇന്നലെയാണ് സംഘർഷമുണ്ടായത്. മാനേജർ ഫാറുഖ് കോളെജ് സ്വദേശി മൊയ്‌തീൻ കുട്ടിയുടെ പരാതി പ്രകാരമാണ് കേസ്സെടുത്തത്.
Discussion about this post