പയ്യോളി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് പയ്യോളിയിൽ പൂർണം. ഒന്നുരണ്ടിടങ്ങളിൽ സമരാനുകൂലികളും സ്ഥാപന ഉടമകളും തമ്മിൽ വാക്തർക്കങ്ങളുണ്ടായതൊഴിച്ചാൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്നു രാത്രി 12 വരെ തുടരും.
പയ്യോളി പോസ്റ്റ് ഓഫീസ്, ബീച്ച് റോഡിലേയും പേരാമ്പ്ര റോഡിലേയും മുത്തൂറ്റ് ധനകാര്യസ്ഥപ്രനങ്ങൾ, ടൗണിന് വടക്കുഭാഗത്തെ പെട്രോൾ പമ്പ് എന്നിവയാണ് തുറന്ന് പ്രവർത്തിച്ചത്. പോസ്റ്റ് ഓഫീസ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ എത്തുകയും ഉദ്യോഗസ്ഥനുമായി വാക്തർക്കത്തിലാവുകയും ചെയ്തു. ഇതേ തുടർന്ന്, ഉദ്യോഗസ്ഥന് ഓഫീസ് അടച്ചുപൂട്ടേണ്ടി വന്നു. പയ്യോളിയിലെ തെനങ്കാലിൽ പെട്രോളിയം തുറന്നു പ്രവർത്തിക്കുന്നുണ്ട്.
സമരാനുകൂലികൾ പൂട്ടിക്കാനായെത്തുകയും വാക്തർക്കത്തിലായതിനെ തുടർന്ന്, പമ്പ് അധികൃതർ പോലീസിന്റെ സഹായം തേടുകയുമായിരുന്നു. മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. സ്വകാര്യ വാഹന നിരത്തിലിറങ്ങുന്നുണ്ട്. ഒറ്റപ്പെട്ട രീതിയിൽ ചരക്കുവാഹനങ്ങളും ഓടുന്നുണ്ട്.
രാജ്യത്തെ 10 ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്. ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.








































Discussion about this post