ബെംഗളൂരു:ബെംഗളൂരുവിൽ സഹോദരിയുടെ മകനായ ആറ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലാണ് ഞെട്ടിക്കുന്ന കൊലപാകം നടന്നത്. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യ ബന്ധത്തെ സഹോദരി എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഇവരുടെ മകനെ കൊന്നുകുഴിച്ചുമൂടിയതായി യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബിക(32) ആണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. ആറുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം മുതുകടഹള്ളിയിലെ മാന്തോപ്പില്‍ കുഴിച്ചിട്ടെന്നാണ് യുവതി ചിക്കബെല്ലാപുര പേരെസാന്ദ്ര പൊലീസിന് നല്‍കിയ മൊഴി. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : അംബികയും പ്രദേശത്തെ ഒരു യുവാവും ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ അംബികയുടെ മൂത്ത സഹോദരി അനിത എതിര്‍ത്തു. യുവാവുമയുള്ള അടുപ്പത്തെ ചൊല്ലി ഇരവരും നിരന്തരം വഴക്കുമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സഹോദരിയായ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മക്കളെ കാണാതായോടെ അനിത പേരെസാന്ദ്ര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കുട്ടികൾക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബെംഗളൂരുവിൽ പിടിയിലാകുന്നത്.
ഒരു ഓട്ടോഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് യുവതി കുടുങ്ങിയത്. സഹോദരിയുടെ ഒരു മകനുമായി ബെംഗളൂരുവിൽ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അംബിക ഫോണില്‍ ആരോടോ സംസാരിച്ചു. ഇത് ശ്രദ്ധിച്ച ഓട്ടോ ഡ്രൈവർ കബണ്‍പാര്‍ക്ക് പൊലീസിൽ വിവരം അറിയിത്തുകയായിരുന്നു. ഉടന്‍തന്നെ കബണ്‍ പാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി. പിന്നീട് യുവതിയെ പേരെസാന്ദ്ര പൊലീസിന് കൈമാറുകായായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധനയിലാണെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post