പയ്യോളി: മിനി പിക് അപ്പ് ലോറി വൈദ്യുതി പോസ്റ്റും വീടിൻ്റെ ചുറ്റുമതി ലും ഇടിച്ചു തകർത്തു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പോസ്റ്റ് തകർന്നു വീണിട്ടും വൈദ്യുതി ബന്ധം നിലച്ചിരുന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കുപ്പിയിലടച്ച വെള്ളം കയറ്റി വരികയായിരുന്ന ലോറിയാണ് പയ്യോളി കുറിഞ്ഞിത്താര പൊതുജന വായനശാലയ്ക്ക് സമീപം അപകടമുണ്ടാക്കിയത്. ഇന്നു രാവിലെ 8.30 യോടെയായിരുന്നു സംഭവം.
അമിതവേഗതയിലായിരുന്ന പിക് അപ്പ് ലോറിയാണ് പോസ്റ്റിടിച്ച് തകർത്തത്. കുപ്പിയിലടച്ച വെള്ളം വിതരണത്തിനായി പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അമിതവേഗതയിൽ എതിർ ഭാഗത്തേക്ക് കയറി പോസ്റ്റിടിച്ചു തകർത്തതിന് ശേഷം 25 മീറ്ററോളം അകലെയുള്ള വീടിൻ്റെ ചുറ്റുമതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടം നടക്കുന്ന സമയം റോഡ് വിജനമായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാവാം അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
വൈദ്യുതി മുടങ്ങും…
തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി പുന:സ്ഥാപിക്കുന്നതിനായി ഒരു മണി വരെ തീരപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അസി.എഞ്ചിനീയർ പയ്യോളി വാർത്തകളോട് പറഞ്ഞു.
11 കെവി ലൈനും അനുബന്ധ ലൈനുകളും കടന്നു പോകുന്ന പോസ്റ്റാണ് തകർന്നത്. വിവിധ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളും സാധാരണ ജോലിക്കാരും കൂട്ടമായി കടന്നുപോകുന്ന സമയത്താണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം ആരുമില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.പയ്യോളി പുത്തൻ മരച്ചലിൽ അശോക് സേട്ടിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർത്തത്.
Discussion about this post