പയ്യോളി: തുറയൂർ പയ്യോളി അങ്ങാടി സ്വദേശിയായ ഇരുപത്തഞ്ചുകാരന് കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം കത്തി കൊണ്ട് കുത്തേറ്റു. ഫോൺ പിടിച്ചു വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പയ്യോളി അങ്ങാടി പുതുക്കുടി അൽത്താഫ് (25) നാണ് കുത്തേറ്റത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അൽത്താഫിൻ്റെ ഫോൺ ശ്യാം, ജിത്തു എന്നിവർ തട്ടിപ്പിക്കുകയായിരുന്നുവത്രെ. തുടർന്ന്, ഫോൺ വാങ്ങിയെടുക്കുവാനുള്ള ശ്രമം തർക്കത്തിലും പിന്നീട് കൈയ്യാങ്കളിയിലെത്തുകയുമായിരുന്നു.
അൽത്താഫ് , ശ്യാമിൽ നിന്നും ഫോൺ തിരിച്ചു വാങ്ങിയതിനെ തുടർന്ന്, ശ്യാം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് അൽത്താഫ് പറയുന്നത്. ഇതേ തുടർന്ന്, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിയ അൽത്താഫിനോട് ആശുപത്രിയിൽ പോയി വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ആശുപത്രിയിൽ പോകാതെ,
ബസ്സിൽ, മൂരാട് ഓയിൽ മില്ലിൽ രക്തമൊലിപ്പിച്ച് എത്തിയ ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി സർജനെ കാണുന്നതിന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടക്കലിൽ വെച്ച വാഹനവുമെടുത്ത് പോവുന്നതിന് വേണ്ടിയാണ് അൽത്താഫ് മൂരാട് ഓയിൽ മില്ലിലെത്തിയത്.
Discussion about this post