തൃശൂർ: ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബഡ്സ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവിലേക്ക് നയിച്ചത് റിട്ട. എസ്.പിയുടെ നിയമ പോരാട്ടം.വിരമിച്ച എസ്.പി വടകര സ്വദേശി പി.എ. വൽസനാണ്, ഹൈറിച്ച് കമ്പനി നടത്തുന്നത് മണിചെയിൻ തട്ടിപ്പാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് ആദ്യം പൊലീസിനെയും നടപടിയില്ലാതായപ്പോൾ കോടതിയെയും സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ് ചേർപ്പ് പൊലീസ് പ്രാഥമികാന്വേഷണം നടത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്.
കമ്പനി പറയുന്ന വരുമാന, ലാഭ സ്കീമുകൾ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (ബാനിങ്) ആക്ടിലെയും ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ചേർപ്പ് പൊലീസിനെ സമീപിച്ചത്. എന്നാൽ, നടപടിയൊന്നുമുണ്ടാകാതെ വന്നതോടെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇവിടെയും നടപടിയില്ലാതെ വന്നതോടെയാണ് തൃശൂരിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ ചുമതലയുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കോടതി നിർദേശത്തെ തുടർന്നാണ് ചേർപ്പ് എസ്.എച്ച്.ഒ കേസ് രജിസ്റ്റർ ചെയ്ത് (ക്രൈം നമ്പർ 1070/2023) പ്രാഥമികാന്വേഷണം നടത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് (ബഡ്സ്) ആക്ട് 2019 പ്രകാരമുള്ള കൊമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് എം. കൗൾ കമ്പനിയുടെയും ഡയറക്ടർമാരുടെയും സ്ഥാവര, ജംഗമ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ തൃശൂർ ജില്ല കലക്ടർക്ക് ഉത്തരവ് നൽകിയത്.
Discussion about this post