
പയ്യോളി: ഹോട്ടലിലെ ദുർഗന്ധം വമിക്കുന്ന മലിനജലം പണിതീരാത്ത ഡ്രെയ്നേജിലേക്ക് തള്ളി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമാണം പാതിവഴിയിലുള്ള ഡ്രെയ്നേജിലേക്കാണ് മലിനജലം ഒഴുക്കിയത്. ഇത് പരിസരവാസികൾ കണ്ടെത്തി പയ്യോളി പോലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ, ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിർമാണം പൂർത്തിയാവാത്ത ഡ്രെയ്നേജിലേക്ക് മലിനജലം ഒഴുക്കിയത് കണ്ടെത്തിയത്.
മേലടി ബ്ലോക്ക് ഓഫീസ് റോഡിന് സമീപത്തുള്ള ബേക്ക് ഹോം റസ്റ്റോറൻ്റാണ് അതീവ ദുർഗന്ധം വമിക്കുന്ന മലിനജലം ഓവുചാലിലേക്ക് തള്ളിയത്. ഏറെ നാളായി ഡ്രെയിനേജിലേക്ക് മലിനജലം ഒഴുക്കുന്നുണ്ടെന്നാണ് കരുതുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പുഴുക്കളും കൊതുകു ലാർവയും നുരയ്ക്കുകയാണ്. നിർമാണം പൂർത്തിയാവാത്ത ഡ്രെയിനേജിൻ്റെ
ഭിത്തിയിൽ പി വി സി പൈപ്പ് ഉറപ്പിച്ച് ഇതിലൂടെയാണ് മലിനജലം ഒഴുക്കുന്നത്.
നിർമാണം പോലും പൂർത്തിയാവാത്ത ഡ്രെയിനേജിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കിവിട്ട ബേക്ക് ഹോം ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
സംഭവം കണ്ടെത്തിയതിനെ തുടർന്ന്, നഗരസഭാ ഉപാധ്യക്ഷ സി പി ഫാത്തിമ, എം സമദ്, യു സജീവൻ, പി കെ അജയകുമാർ, പി കെ പ്രേമൻ, എം സി ഷാജി, ഉമ്മർ കളത്തിൽ, കെ വി പ്രദീപൻ, പ്രവീൺ കളത്തിൽ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് സംഭവം വിവരിച്ച് പയ്യോളി പോലീസിൽ പരാതി നൽകി.
Discussion about this post