തിക്കോടി: മേലടി സി എച്ച് സിയിലെ ഡോക്ടറും ചികിത്സയ്ക്കായെത്തുന്ന രോഗികളും ഒരുപോലെ വലയുന്നു. അമിത ജോലിഭാരം ഡോക്ടർക്ക് വില്ലനാവുമ്പോൾ, കാത്തിരുന്ന് മടുത്ത് തിരിച്ചു പോരേണ്ട ഗതികേടിലാണ് രോഗികൾ. ഇത് പലപ്പോഴും രോഗികളും ഡോക്ടറും തമ്മിലുള്ള വാക്ക് തർക്കത്തിലേക്കെത്തുന്നു. പി എച്ച് സിയിൽ നിന്നും സി എച്ച് സിയിലേക്ക് അപ്പ്ഗ്രേഡ് ചെയ്തിട്ടും ജീവനക്കാരുടെ പാറ്റേൺ മാറിയില്ലെന്ന പരാതി കാലങ്ങളായി ഇവിടെയുണ്ട്.

ഇന്ന് ഞായറാഴ്ച ഏകദേശം എഴുന്നൂറോളം രോഗികളാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി ആശുപത്രിയിലെത്തിയത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ. എന്നാൽ, ഇവരെ പരിശോധിക്കുന്നതിനായി ഒരു വനിതാ ഡോക്ടർ മാത്രമേ ആശുപത്രിയിലുണ്ടായിരുന്നുള്ളൂ. ഇടവേളകളോ ഭക്ഷണമോ ഇല്ലാതെ തൻ്റെ കർത്തവ്യം കൃത്യമായി, വളരെ ആത്മാർഥമായി ഡോക്ടർ മംഗള നിർവഹിക്കുന്നുവെങ്കിലും രോഗികളിൽ പലർക്കും ഊഴം കാത്ത് മടുത്ത് മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വന്നു. ആശുപത്രിയിലെ ദുരിതമറിഞ്ഞ ജനപ്രതിനിധികൾ സ്ഥലത്തെത്തി ഡോക്ടറോട് സംസാരിച്ചുവെങ്കിലും മെഡിക്കൽ ഓഫീസർ ഇല്ലാത്തതിനാൽ മറ്റ് നടപടികളിലേക്ക് കടക്കാനായില്ല.

ഇക്കഴിഞ്ഞ ദിവസം പയ്യോളി നഗരസഭാംഗവുമായി മറ്റൊരു ഡോക്ടർ ഉടക്കിയിരുന്നു. വൈകീട്ട് 5 മണിക്ക് ശേഷവും രണ്ട് വിദ്യാർഥിനികൾ ഊഴം കാത്തിരിക്കുന്നത് കണ്ട്, അവരെയൊന്ന് പെട്ടെന്ന് പരിശോധനയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട നഗരസഭാംഗത്തോട് ഡോക്ടർ മോശമായി പെരുമാറുകയായിരുന്നു. കുട്ടികളെ പരിശോധിക്കാനും ഇയാൾ തയ്യാറായില്ല. ഇതേ തുടർന്ന് മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ, തിക്കോടി ഗ്രാമപഞ്ചായത്തംഗം എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർ ഖേദം പ്രകടിപ്പിച്ച് വിഷയം അവസാനിപ്പിച്ചു. അമിത ജോലി ഭാരത്താലുള്ള സമ്മർദ്ദമാണ് അകാരണമായ വൈകാരിക വിക്ഷോഭമുണ്ടാക്കുന്നതെന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു.

കെട്ടിട സൗകര്യം മുതൽ ഭൗതിക സാഹചര്യങ്ങൾ അനുകൂലമായ മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സി എച്ച് സി പാറ്റേണിൽ ജീവനക്കാരെ നിയമിക്കണമെന്നതാണ് ആവശ്യം. തുറയൂർ, മണിയൂർ, തിക്കോടി, മൂടാടി പഞ്ചായത്തുകളിലേയും പയ്യോളി നഗരസഭയിലേതുമായി ദിനംപ്രതി ശരാശരി ആയിരത്തോളം രോഗികളാണ് ഒ പി യിലെത്തുന്നത്. രോഗി ബാഹുല്യത്താൽ ശ്വാസം മുട്ടുന്ന ആശുപത്രിക്ക് ഇനി സർക്കാരിൻ്റെ ചികിത്സയുണ്ടായാൽ മാത്രമേ കാര്യമുള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

രോഗികളുടെ ബാഹുല്യവും ദുരിതവും അറിഞ്ഞതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, തിക്കോടി ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡൻ്റ് രാജീവൻ മാസ്റ്റർ, ബ്ലോക്ക് ജനറൽ സെക്രട്ടറി പി കെ ചോയി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ കെ രതീഷ് എന്നിവർ സ്ഥലത്തെത്തി ഡോക്ടറുമായി സംസാരിച്ചു.

Discussion about this post