നന്തി ബസാർ: ദേശീയ പാതയിൽ കൊല്ലം സിവിൽ സ്റ്റേഷനടുത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികനായ 21 കാരൻ ദാരുണാന്ത്യം. മുടാടി ഹിൽ ബസാറിലെ കളരിവളപ്പിൽ റഫീഖ് – ജസീല ദമ്പതികളുടെ മകൻ മുഫീദ് ആണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന സുഹൃത്ത് അനസ് പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.

മുഫീദും സുഹൃത്ത് അനസും സഞ്ചരിച്ച ബൈക്കിൻ്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയപ്പോൾ ബൈക്കും നിർത്തേണ്ടി വന്നതോടെ ഇവർ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് പറയുന്നു.

തുടർന്ന്, പിന്നിൽ നിന്നുമെത്തിയ ലോറി, റോഡിലേക്ക് വീണ മുഫീദിൻ്റെ ദേഹത്ത് കയറിയിറങ്ങി. ഹെൽമറ്റ് പൊട്ടിച്ചിതറി. അപകടം വരുത്തിയ ലോറി നിർത്താതെ കടന്നു കളഞ്ഞു.

ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഹിൽ ബസാർ ഖബർസ്ഥാനിൽ സംസ്കരിക്കും. സഹോദരങ്ങൾ: അഫീഫ്, ആസിഫ്.

Discussion about this post