തിരുവനന്തപുരം: കെ എസ് ഇ ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങൾ നിരത്തിലിറക്കും. പരിസ്ഥിതി സൗഹൃദ ഹരിതോർജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
കെ എസ് ഇ ബി സ്ഥാപക ദിനമായ ഇന്ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ നടക്കുന്ന എർത്ത് ഡ്രൈവ് പരിപാടിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിക്കുമെന്ന് കെ എസ് ഇ ബി സി എം ഡി ബി അശോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്ലാഗ് ഓഫിന് ശേഷം വൈദ്യുതി വാഹങ്ങൾ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് രണ്ട് മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ വാഹനങ്ങളുടെ പ്രദർശനം നടക്കും. സൗരോർജ്ജത്തിന് പ്രാധാന്യം നൽകുന്ന ‘സൗര ‘ പദ്ധതി ഇതിൽ പ്രധാനമാണ്. 40 ശതമാനം സബ്സിഡിയോടെ പുരപ്പുറങ്ങളിൽ സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 21 മെഗാവാട്ട് സൗരോർജ്ജ ഉദ്പാദന ശേഷി നേടാൻ കഴിഞ്ഞു.
ജൂൺ മാസത്തോടെ 115 മെഗാവാട്ട് ഉദ്പാദന ശേഷിയാണ് ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി പിന്തുടരുന്നതിനായി ekiran.kseb.in എന്ന വെബ് പോർട്ടൽ സജമാണ്. സംസ്ഥാന സർക്കാരിന്റെ ഇ – വെഹിക്കിൾ പോളിസിയുടെ ഭാഗമായി കെ എസ് ഇ ബി സംസ്ഥാനത്തുടനീളം 1212 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 62 കാർ ചാർജിങ് സ്റ്റേഷനുകളും 1150, ടു വീലർ/ ത്രീ വീലർ ചാർജിങ് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. 11 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. മാർച്ച് അവസാന വാരത്തോടെ 51 സ്റ്റേഷനുകൾ കൂടി നിർമാണം പൂർത്തിയാക്കും. പ്രകൃതിസൗഹൃദമായ ഊർജോത്പാദനം ലക്ഷ്യമിട്ട് കാറ്റിൽ നിന്ന് 100 മെഗാവാട്ട് ഊർജം ഉത്പാദിപ്പിക്കാനും കെഎസ്ഇബി പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 700 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
കെ എസ് ഇ ബിയ്ക്ക് കീഴിൽ എട്ട് ജലാശയങ്ങളിലും വാട്ടർ അതോറിറ്റിക്ക് കീഴിൽ രണ്ട് ജലാശയങ്ങളിലും ആകെ 100 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടൻ യാഥാർഥ്യമാകും. കെ എസ് ഇ ബി വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഏഴ് മുതൽ 31 വരെ വിവിധ പരിപാടികൾ നടക്കും. കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് ഒരു കാർട്ടൂൺ ക്യാംപും സംഘടിപ്പിക്കും. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കും ഊർജ്ജ സെമിനാർ നടത്തും. കൂടാതെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
Discussion about this post