തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ കെ.എസ്.ആര്.ടി.സി. നിലവിലുള്ള കാലാവധി കഴിയാറായ ഡീസല്‍ എഞ്ചിന് ബസുകളുടെ എഞ്ചിന് മാറ്റി പകരം സിഎന്‍ജി എഞ്ചിന് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ സിഎന്‍ജി ബസ് വാങ്ങാന്‍ 65 ലക്ഷം രൂപയിലധികം ചിലവാകുമെന്നതിനാലാണ് ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്നത്.
ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു ബസില്‍ സിഎന്‍ജി എഞ്ചിന് അടക്കം ഘടിപ്പിച്ച് പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്. നാലെണ്ണത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. ആകെ പത്ത് ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്നാണ് വിവരം.
ഡീസല്‍ ബസില്‍ സിഎന്‍ജി എഞ്ചിന് ഘടിപ്പിക്കുന്നതിന് ബസൊന്നിന് 6.5 ലക്ഷം രൂപ ചിലവ് വരും. ഇങ്ങനെ സിഎന്‍ജിയിലേക്ക് മാറ്റിയ ബസിന്റെ ആദ്യ പരീക്ഷണ ഓട്ടം തിരുവനന്തപുരത്താണ് നടത്തുക. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകള്‍ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിനുള്ള റൂട്ടുകള്‍ നിശ്ചയിക്കും.
Discussion about this post