കൊച്ചി: തൃക്കാക്കര തെങ്ങോടിയില്‍ ഗുരുതര പരുക്കുകളോടെ രണ്ടരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന് പരുക്കേറ്റിട്ടും ചികിത്സ ഉറപ്പാക്കാന്‍ വൈകിയതിന്‍റെ പേരിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് ഗുരുതര ക്ഷതമേറ്റിട്ടുള്ള കുഞ്ഞ് നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ശരീരത്തിലുടനീളം പരുക്കുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്‍റെ അമ്മയുടെ വിശദീകരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റതിന്‍റെയടക്കം പാടുകള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുഖത്തെ മുറിവുകള്‍ തെളിഞ്ഞ് കാണാന്‍ കഴിഞ്ഞിരുന്നു. ശരീരത്തിലെ പല മുറിവകള്‍ക്കും ദിവസങ്ങളോളം പഴക്കമുണ്ട്. സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന കാര്യം വ്യക്തമായത്.
അമ്മയുടെ വിശദീകരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ രാത്രി തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സഹോദരിയ്ക്കും ഇവരുടെ ഭര്‍ത്താവിനുമൊപ്പമാണ് അമ്മയും കുഞ്ഞും കഴിയുന്നതെന്നാണ് വിവരം.
Discussion about this post