
പയ്യോളി: ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തീ തിന്ന മണിക്കൂറുകൾ. രാവിലെ മുതൽ സർക്കാർ സംവിധാനങ്ങളുടെ ചടുലമായ ഇടപെടൽ. എം എൽ എ മുതൽ നഗരസഭാംഗം വരെയുള്ള ജനപ്രതിനിധികൾ, തഹസിൽദാർ മുതൽ വില്ലേജ് ഉദ്യോഗസ്ഥർ വരെയുള്ള ജീവനക്കാർ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇവരൊക്കെ രാവിലെ മുതൽ തുറശ്ശേരി കടവിലായിരുന്നു.

തുറശ്ശേരി കടവ് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട സൈക്കിളും സിം കാർഡ് എടുത്തു മാറ്റിയ മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും അയനിക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്വേഗത്തിൻ്റെ നിമിഷങ്ങളായിരുന്നു സംജാതമായത്.

ഒടുവിൽ, പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം വടകര താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് നിന്നും വിദ്യാർഥിയെ കണ്ടെത്തിയെന്ന വാർത്തയെത്തിയതോടെ മനസ്സുകളിൽ ആശ്വാസത്തിൻ്റെ തെന്നൽ വീശുകയായിരുന്നു.
ആളുകളെ മുൾമുനയിൽ നിർത്തിയ 11 മണിക്കൂറുകളാണ് കടന്നു പോയത്. രാവിലെ നടക്കാനിറങ്ങിയ സ്ത്രീയാണ് സംശയകരമായ സാഹചര്യത്തിൽ വിദ്യാർഥിയെ കാണുന്നത്. നടന്ന് തിരിച്ചു വന്നപ്പോഴേക്കും ഇയാളെ കാണാതായി. വിദ്യാർഥിയുടേതെന്നു കരുതുന്ന സൈക്കിളും ഫോണും പേഴ്സും പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് സംശയത്തിന് ആക്കം കൂട്ടി.
വിദ്യാർഥി പുഴയിൽ ചാടിയെന്ന സംശയം ഉണ്ടായതോടെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന്, പയ്യോളി പോലീസ്, ഡോഗ് സ്ക്വാഡ്, രണ്ട് യൂണിറ്റ് അഗ്നിശമന സേന എന്നിവർ സ്ഥലത്തെത്തി. അഗ്നിശമന സേന തിരച്ചിൽ തുടങ്ങി.
മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയതോടെ, മുങ്ങൽ വിദഗ്ദരുമായി കൂരാച്ചുണ്ടിൽ നിന്നും എ ആർ ടി റെസ്ക്യു സംഘമെത്തി തിരച്ചിൽ തുടർന്നു. ഇതിനിടെയാണ് വടകരയിൽ കണ്ടതായി വിവരം എത്തിയത്. ഇതോടെ എല്ലാവരും ആശ്വാസ തീരമണഞ്ഞു. തുടരുന്ന, തിരച്ചിൽ നിർത്തിവെച്ചു.
വടകരയിൽ ഉണ്ടെന്ന
വാർത്തയെത്തിയതോടെ ബന്ധുക്കൾ വീഡിയോ കോൾ ചെയ്ത് വിദ്യാർഥി തന്നെയാണെന്നും, വടകരയിൽ ഉള്ളതായും ഉറപ്പിച്ച ശേഷം, കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. റോഡരികിലൂടെ അലഞ്ഞു നടക്കുന്ന രീതിയിൽ കണ്ട വിദ്യാർഥിയെ സമീപവാസികളാണ് തിരിച്ചറിഞ്ഞ് വിവരമറിയിച്ചത്.
എം എൽ എ കാനത്തിൽ ജമീല, നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ്, ഉപാധ്യക്ഷ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷരായ കെ ടി വിനോദൻ, മഹിജ എളോടി, നഗരസഭാംഗം സി കെ ഷഹനാസ്, അൻവർ കായിരികണ്ടി, പി എം റിയാസ്, അൻസില ഷംസു, എ പി റസാഖ്, ടി എം നിഷ ഗിരീഷ്, കാര്യാട്ട് ഗോപാലൻ, മുൻ വനിതാ കമ്മീഷൻ അംഗം പി കുൽസു,
കൊയിലാണ്ടി തഹസിൽദാർ എസ് എസ് മിമി, പയ്യോളി വില്ലേജ് ഓഫീസർ എ വി ചന്ദ്രൻ, പാലയാട് വില്ലേജ് ഓഫീസർ ബി പ്രീജിത്ത്, പയ്യോളി പോലീസ് എസ് ഐമാരായ എസ് എസ് ശ്രീജേഷ്, കെ ടി രാജേഷ്, വടകര അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ കെ അരുൺ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Discussion about this post