മുംബൈ: കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കൊണ്ടുപോകുകയായിരുന്ന രണ്ട് പേരെ മുംബെ പൊലീസ് അറസ്റ്റ് ചെയ്തു. ആർപിഎഫ് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായവർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ദാദർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന് ഇതേക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായി സ്യൂട്ട്കേസിൽ നിന്നും രക്തം പുറത്ത് വരുന്നത് കണ്ടാണ് പരിശോധിച്ചത്.
തുടർന്ന് കൊല്ലപ്പെട്ടത് അർഷാദ് അലി ഷേഖ് എന്ന യുവാവാണെന്ന് വ്യക്തമായി. പ്രതികളായ ജയ് പ്രവീൺ ചാവ്ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post