ഒരൊറ്റ മാമ്പഴത്തിനു വില 40,000 രൂപ. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴ ഇനമായ ജപ്പാനിലെ മിയാസാക്കി മാങ്ങയാണത്. ബെംഗളൂരു കൊപ്പാളിലെ ഹോർട്ടികൾചർ മേളയിലാണു സന്ദർശകർക്ക് കൗതുകമാകുന്ന ഈ മാമ്പഴം പ്രദർശിപ്പിച്ചിട്ടുള്ളത്. 31ന് സമാപിക്കുന്ന മേളയിലേക്ക്, മധ്യപ്രദേശിലെ തോട്ടത്തിൽ നിന്ന് ഒരു മാമ്പഴം മാത്രമാണ് എത്തിച്ചിരിക്കുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയസാക്കി മാങ്ങകൾ. മാണിക്യത്തിന് സമാനമായ ചുവപ്പു നിറമാണ് മിയസാക്കി മാങ്ങകളുടെ പ്രത്യേകത. ജപ്പാനിലെ മിയസാക്കി നഗരത്തിൽ കൃഷിചെയ്യപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ‘എഗ് ഓഫ് ദ സൺ’ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ് മിയസാക്കി മാങ്ങകൾ.
കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഇതാദ്യമായാണ് കർണാടകയിൽ പ്രദർശിപ്പിക്കുന്നത്. അതോടൊപ്പം, കൊപ്പാൾ ജില്ലയിൽ മിയാസാക്കി മാമ്പഴം കൃഷി ചെയ്യാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഹോർട്ടികൾചർ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കൃഷ്ണ ഉകുന്ദ് പറഞ്ഞു. ഒരു മാമ്പഴത്തിന് ഏകദേശം 900 ഗ്രാം വരെ ഭാരമുണ്ടാകും. ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ മിയാസാക്കി മാമ്പഴം മോഷണം പോകാതിരിക്കാൻ ജപ്പാനിൽ ഇവയുടെ തോട്ടങ്ങൾക്കു ചുറ്റും കർഷകർ കർശന സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്.
Discussion about this post