മേപ്പയ്യൂർ: ഇരിങ്ങത്ത് കുയിമ്പിലുന്തിൽ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കുയിമ്പിലുന്ത് ഇല്ലത്ത് മീത്തൽ രാമാലയത്തിൽ രജീഷിൻ്റെ വീട്ടിലേക്ക് ആണ് ലോറി ഇടിച്ചു കയറിയത്.
മേപ്പയ്യൂർ ഭാഗത്തേക്ക് കുഴൽ കിണർ കുഴിക്കുന്നതിനുള്ള സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് വീട്ടിലേക്ക് ഇടിച്ച് കയറിയത്. റോഡ് സൈഡിലുണ്ടായിരുന്ന കല്ലുകളിടിച്ച് തെറിപ്പിച്ച് വീടിൻ്റെ മതിലും ഗേറ്റും തകർത്ത് വീടിൻ്റെ ചുമരിലിടിച്ച് നിൽക്കുകയായിരുന്നു ലോറി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന, മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിൻ്റെ മുൻ ഭാഗത്ത് വീട്ടുകാരാരും ഇല്ലാതിരുന്നത് ദുരന്ത മൊഴിവാക്കി.
Discussion about this post