പയ്യോളി: പ്രവേശനോത്സവത്തോടനുബന്ധിച്ച് അംഗൻവാടിയിൽ, കളികളിലും ആഘോഷങ്ങളിലും വ്യാപൃതരാവേണ്ട കുരുന്നുകൾ പ്ലക്കാർഡുകളും പിടിച്ച് രക്ഷിതാക്കൾക്കൊപ്പം നഗരസഭാ കവാടത്തിൽ സമരത്തിൽ. പൊരിവെയിൽ കനക്കുന്ന നട്ടുച്ച നേരത്ത് “ഞങ്ങൾക്കും കളിക്കണം അംഗൻവാടിയിൽ, ഞങ്ങൾക്കും പഠിക്കണം അംഗൻവാടിയിൽ…” തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകളുമായാണ് 114 -ാം നമ്പർ അംഗൻവാടിയിലെ ആറോളം കുരുന്നുകൾ രക്ഷിതാക്കളോടൊപ്പം നഗരസഭയ്ക്ക് മുന്നിൽ എത്തിയത്.

പ്രതിഷേധ സമരം കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാംഗം ശോഭ വെളളിയോട്ട് അധ്യക്ഷത വഹിച്ചു. ഷിജിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അയനിക്കാട് പോസ്റ്റാഫീസ് ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായിരുന്ന അംഗൻവാടി മാറ്റി മറ്റൊരിടത്ത് സ്ഥാപിച്ചതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്.

പയ്യോളി നഗരസഭയിലെ ഒമ്പതാം ഡിവിഷനിലുള്ള 114-ാം നമ്പർ അംഗൻവാടി നിലനിന്നിരുന്ന കെട്ടിടം ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. പകരം അംഗൻവാടി ഒരു കിലോമീറ്ററോളം അകലെ റോഡിൻ്റെ കിഴക്കുഭാഗത്ത് പാലേരിമുക്ക് റോഡിന് സമീപത്തെ താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം കുഞ്ഞുങ്ങളെ അവിടെയെത്തിക്കാൻ കഴിയുന്നില്ലെന്നതാണ് സമരക്കാരുടെ ആരോപണം.

ദേശീയപാതയോരത്തെ പൊളിച്ചുനീക്കിയ അംഗൻവാടി സമീപവാസികളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നുവെന്നും. പാതയുടെ പടിഞ്ഞാറുവശത്തെ കുട്ടികൾക്ക് സമീപത്ത് എവിടെയും അംഗൻവാടി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും ഇവർ പറയുന്നു.

സമരത്തെ തുടർന്ന് അവർ ചെയർമാനുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടികളുമായെത്തി സമരം ചെയ്തത് തെറ്റാണെന്ന് ചെയർമാൻ സമരക്കാരോട് പറഞ്ഞു.


പയ്യോളി നഗരസഭാധ്യക്ഷൻ
ഷഫീഖ് വടക്കയിൽ ‘പയ്യോളി വാർത്തകളോട്’ പറഞ്ഞത്:
“നഗരസഭയിലെ ഒമ്പതാം ഡിവിഷനിൽ നിലവിലുള്ള 114 -ാം നമ്പർ അംഗൻവാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദൗർഭാഗ്യകരമായി. അംഗൻവാടിയുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്നങ്ങൾക്ക് നഗരസഭയുമായി യാതൊരു ബന്ധവുമില്ല. ഇതു സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, ഐ സി ഡി എസ് സൂപ്പർവൈസർ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘത്തെ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച അംഗൻവാടിയിൽ പരിശോധന നടത്തിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും. പുതിയ അംഗൻവാടി അനുവദിക്കുന്നതിന് പോലും ഐ സി ഡി എസിന് മാത്രമേ കഴിയൂ എന്നിരിക്കേ, യാതൊരു മുന്നറിയിപ്പുമില്ലാതെ പിഞ്ചു കുഞ്ഞുങ്ങളെയുമെടുത്ത് കടുത്ത ചൂടിൽ സമരം ചെയ്യാനെത്തിയത് ശരിയായ നടപടിയായി കരുതുന്നില്ല.”
Discussion about this post