തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും 2020-21 വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈകിട്ട് ആറുമണിക്ക് കേരള സർവ്വകലാശാലാ സെനറ്റ് ഹാളിലാണ് ചടങ്ങ്.
ചടങ്ങിൽ മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. വി കെ പ്രശാന്ത് എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള എന്നിവർ പങ്കെടുക്കും.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലാകും ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കുന്നത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post