രാഗേഷ് അഥീന
കാണെക്കാണെ തുടക്കം മുതൽ ഒടുക്കം വരെ ഒരു വൈകാരിക യാത്രയാണ്, അതിൽ ഉൾപ്പെട്ടിരിക്കുന്ന പരിപൂർണ്ണരല്ലാത്ത ഓരോ കഥാപാത്രങ്ങളുടെയും വീക്ഷണകോണിൽ നിന്നുള്ള കാഴ്ചകളെ / ഓർമ്മകളെ ക്രമരഹിതമായ ആഖ്യാനത്തിലൂടെ പരിശോധിക്കുകയാണിവിടെ .
പച്ചയായ മനുഷ്യരുടെ വികാരങ്ങളെക്കുറിച്ചുള്ള തീവ്രമായ ആവിഷ്ക്കാരമാണ് കാണെക്കാണെ
പോളിന്റെ മകൾ ഷെറിൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഭർത്താവ് അലൻ മറ്റൊരു വിവാഹം കഴിച്ചു. മകളുടെ മരണത്തിന് ഒരു വർഷത്തിന് ശേഷം പോൾ അലൻ്റെ വീട് സന്ദർശിക്കുന്നു. പുതിയ ദമ്പതികളെ അദ്ദേഹം സന്ദർശിക്കുമ്പോൾ, മകളുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മനസ്സിൽ ചില സംശയങ്ങൾ ഉയർന്നുവരുന്നു.
അവിചാരിതമായുള്ള ഇണയുടെ നഷ്ടം മറക്കാൻ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ അതിനെ അതിജീവിച്ച് മറ്റൊരു പങ്കാളിയെ കണ്ടെത്തി അലൻ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ, അത് പലപ്പോഴും സംശയങ്ങൾ ഉളവാക്കുന്ന ചില ചോദ്യങ്ങൾ ക്ഷണിക്കുന്നു, പ്രത്യേകിച്ച് മരിച്ചവരുമായി ഏറ്റവും അടുപ്പമുള്ളവരുടെ മനസ്സിൽ.
ബോബി – സഞ്ജയ് രചിച്ച “ഉയരെ ” എന്ന വിജയകരമായ സിനിമയ്ക്ക് ശേഷം സംവിധായകൻ മനു അശോകൻ അതിൻ്റെ ഉള്ളടക്കത്തിലും വേഗത്തിലും അൽപ്പം വ്യത്യസ്തമായ ഒരു ചിത്രവുമായി തിരിച്ചെത്തുന്നു. ‘കാണെക്കാണെ” എന്ന ചിത്രത്തിൽ പോൾ (സുരാജ് വെഞ്ഞാറമൂട്), ഡെപ്യൂട്ടി തഹസിൽദാർ, അലനെ (ടൊവിനോ തോമസ്) വിവാഹം കഴിച്ച അദ്ദേഹത്തിന്റെ മകൾ ഷെറിൻറെ (ശ്രുതി രാമചന്ദ്രൻ) മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും കേസ് തുടരുകയാണ്. ഈ ദമ്പതികൾക്ക് കുട്ടു എന്ന ചെറിയ മകനുമുണ്ട്. സ്നേഹയെയാണ് (ഐശ്വര്യലക്ഷ്മി) അലൻ പിന്നീട് വിവാഹം കഴിക്കുന്നത്. സ്വന്തം മകനെ പോലെ അവൾ കുട്ടുവിനെ പരിപാലിക്കുന്നു. പക്ഷേ, ഷെറിൻ മരിച്ച് ഒരു വർഷത്തിനുശേഷം ആദ്യമായി പോൾ അവരെ സന്ദർശിച്ചപ്പോൾ, അവരെല്ലാവരും അവളെ മറന്നിരിക്കുകയാണെന്നറിയുമ്പോൾ വല്ലാതെ വിഷമിക്കുന്നു. മകളുടെ മരണത്തിന് കാരണമായ അപകടം ആസൂത്രിതമാണോ എന്ന് ചിന്തിക്കാൻ ചില കാരണങ്ങളും അദ്ദേഹം കണ്ടെത്തുന്നു.
‘കാണെക്കാണെ” തുടക്കം മുതൽ ഒടുക്കം വരെ ഒരു വൈകാരിക യാത്രയാണ്, അതിൽ ഉൾപ്പെട്ടിരിക്കുന്ന പരിപൂർണ്ണരല്ലാത്ത ഓരോ കഥാപാത്രങ്ങളുടെയും വീക്ഷണകോണിൽ നിന്നുള്ള കാഴ്ചകളെ / ഓർമ്മകളെ ക്രമരഹിതമായ ആഖ്യാനത്തിലൂടെ പരിശോധിക്കുകയാണിവിടെ .
അവരെല്ലാം മാനസ്സികമായി തകർന്നവരും അവരുടെ വീക്ഷണകോണിൽ നിന്നുള്ള കാഴ്ചകൾ / ഓർമ്മകൾ എന്നിവ സമരസപ്പെടാത്തതുമാണ് . അവരെ നമ്മൾ മനസ്സിലാക്കും പോലെ അവർ പരസ്പരം അറിഞ്ഞിരുന്നെങ്കിൽ എന്ന് ഒരു വേള നമ്മൾ വൃഥാ ചിന്തിച്ച് പോകും . അവരുടെ പ്രയാസങ്ങളിൽ എല്ലാവരോടും അനുകമ്പ തോന്നാൻ കഥ പറയുന്ന രീതി നമ്മളെ സഹായിക്കുന്നുണ്ട്.
ബോബിയും സഞ്ജയും ഈ പുതിയ കാലത്തെ കഥ ഏറ്റവും ആകർഷകമായ രീതിയിൽ തിരക്കഥയാക്കിയതിൻ്റെ ക്രെഡിറ്റ് അർഹിക്കുന്നു, അത് നമ്മുടെ മനസ്സിൽ സംവേദിപ്പിക്കാൻ മനുവിന്റെ സംവിധാനത്തിനും കഴിഞ്ഞിട്ടുണ്ട്. വികാരങ്ങൾ നിറഞ്ഞ ഈ കഥാപാത്രങ്ങളെ അഭിനേതാക്കളെല്ലാം തന്നെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ആയത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂട്ടത്തിൽ സുരാജ് വെഞ്ഞാറമൂടിൻ്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹം വെറുതെ നടക്കുമ്പോൾ പോലും, അദ്ദേഹം ചെയ്യുന്ന പോൾ എന്ന കഥാപാത്രം എത്രമാത്രം വിഷമത്തിലാണെന്ന് പ്രേക്ഷകന് അനുഭവപ്പെടും. “മായാനദി” യിലെ അഭിനയ കൂട്ടായ്മ വളരെയധികം പ്രശംസിക്കപ്പെട്ട ടൊവിനോയും ഐശ്വര്യയും നിസ്സംഗരായ ദമ്പതികളുടെ വ്യത്യസ്തമായ സമവാക്യം ഇവിടെ സമർത്ഥമായി അവതരിപ്പിക്കുന്നുണ്ട്
ഭൂതകാലവും വർത്തമാനകാലം ഞൊടിയിടയിൽ മാറി വരുന്ന ആഖ്യാനരീതിയാണ് സിനിമ അവലംബിച്ചിരിക്കുന്നത്. അതിനാൽ തന്നെ വർത്തമാന കാലത്താണോ ഭൂതകാലത്താണോ കാണുന്ന കാഴ്ചകൾ എന്ന് പ്രേക്ഷരെ ആശയക്കുഴപ്പത്തിലാക്കുന്ന ചില സനർഭങ്ങൾ സിനിമയിൽ ഉണ്ട്.
പലരും പല തരത്തിലുള്ള വൈകാരിക അസ്വസ്ഥതകളിൽ കുടുങ്ങിക്കിടക്കുന്ന ഈ സമയത്ത്, നമ്മളാരും എല്ലാം തികഞ്ഞവരല്ലെന്ന് മനസ്സിലാക്കാൻ ഈ സിനിമ സഹായിക്കുമെന്നുറപ്പാണ്. പരിപൂർണ്ണരല്ലാത്ത ഇതിലെ ഓരോ വ്യക്തികളെയും അവരുടെ വീക്ഷണകോണിലൂടെ കാണാനും സമൂഹത്തിന് ഇതിലൂടെ സാധ്യമാകട്ടെ
Discussion about this post