വടകര: പുതുപ്പണം കക്കട്ടിയിൽനിന്ന്
ഉടമയെ ഭീഷണിപ്പെടുത്തി സ്കൂട്ടറുമായി കടന്നുകളഞ്ഞയാൾ പാലക്കാട്ട് പിടിയിലായി. സ്കൂട്ടർ പാലക്കാട്ടുനിന്ന് കണ്ടെത്തി. വാഹനം മോഷ്ടിച്ചയാൾ പാലക്കാട് എടിഎം കവർച്ചക്ക് ശ്രമിച്ചതിനുപിന്നാലെയാണ് പിടിയിലായത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് വടകരയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറാണെന്ന് വ്യക്തമായത്. പാലക്കാട് പൊലീസ് സ്കൂട്ടർ ഉടമ നസീർ കോട്ടക്കടവിനെ വിളിച്ച് മോഷണവിവരം ആരായുകയും
വാഹനം പാലക്കാട്ടുനിന്ന് ലഭിച്ചതായി അറിയിക്കുകയും ചെയ്തു.
മണ്ണാർക്കാട് സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. കക്കട്ടിൽ കോഴിസ്റ്റാൾ നടത്തുന്ന നസീർ കോട്ടക്കടവിന്റെ കെഎൽ 18 ജെ 6370 നമ്പർ ആക്ടീവ സ്കൂട്ടറുമായാണ് കഴിഞ്ഞ ബുധനാഴ്ച മോഷ്ടാവ് കടന്നുകളഞ്ഞത്. പുലർച്ചെ അഞ്ചിന് പുതുപ്പണത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനുസമീപത്തെ വീട്ടിൽനിന്നിറങ്ങിയ നസീർ കോഴിസ്റ്റാളിലെ തൊഴിലാളിയെ കൂട്ടാൻ പോകുമ്പോൾ ഒരാൾ കൈകാണിച്ച് വണ്ടി നിർത്തിക്കുകയായിരുന്നു. തനിക്ക് പയ്യോളിക്കുപോകാൻ വണ്ടി വേണമെന്ന് ആവശ്യപ്പെട്ടു.
പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നസീർ സമീപത്തെ വീട്ടുകാരനെ
വിളിക്കാൻപോയ തക്കംനോക്കി ഇയാൾ വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പാലക്കാട് പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post