വടകര: കിഴക്കൻ മലയോരമേഖലയിലുള്ളവർക്ക് എളുപ്പം വടകരയിലെത്താവുന്ന പാതയായ ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡിന്റെ നവീകരണപ്രവൃത്തികൾ തുടങ്ങിയതോടെ ഭൂവുടമകളുടെയും നാട്ടുകാരുടെയും ആശങ്കകൾ വർധിച്ചു.
നവീകരണത്തിനായി സ്ഥലംവിട്ടുനൽകുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരത്തെപ്പറ്റി വ്യക്തത ഇല്ലാത്തതാണ് ആശങ്കയ്ക്കുകാരണം.
കൂടാതെ, റോഡിന്റെ വീതികൂട്ടുന്നതിനെച്ചൊല്ലിയും പ്രദേശവാസികൾക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.
16 കിലോമീറ്റർ നീളമുള്ള റോഡിന് കിഫ്ബി വഴി 58 കോടി രൂപയാണ് അനുവദിച്ചത്. ഒമ്പതുമീറ്റർ വീതിയിൽ റോഡും റോഡിനിരുവശവും ഒന്നരമീറ്റർ വീതിയിൽ ഡ്രെയിനേജും ഫുട്പാത്തും ഉൾപ്പെട്ട ആധുനികരീതിയിൽ സജ്ജീകരിക്കാനാണ് പദ്ധതി.
നിലവിൽ നാദാപുരം, പുറമേരി, ആയഞ്ചേരി, വടകര നഗരസഭകളുടെ ഭാഗങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡുനവീകരണകാര്യം ചർച്ചചെയ്യുന്നതിനായി സ്ഥലം എം.എൽ.എ.മാരുടെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ യോഗം ഇതിനകം വിളിച്ചുചേർത്തിട്ടുണ്ട്.
നിലവിൽ കുറ്റ്യാടിയിൽനിന്നുള്ള വാഹനങ്ങൾ പ്രധാനമായും നാദാപുരം ഓർക്കാട്ടേരി വഴിയാണ് വടകരയിലെത്തുന്നത്. നാദാപുരംമുതൽ മുട്ടുങ്ങൽവരെ ആധുനികരീതിയിൽ നവീകരിച്ചിട്ടുണ്ട്.
ചേലക്കാട്-വില്യാപ്പള്ളി- വടകര റോഡ് നവീകരിക്കുന്നതോടെ നാദാപുരം വഴിയുള്ള വാഹനപ്പെരുപ്പത്തിനും കുറവുണ്ടാകും.
നഷ്ടപരിഹാരംലഭ്യമാക്കണം
റോഡുനവീകരണം യാഥാർഥ്യമാകുന്നതോടെ കുടിയൊഴിയേണ്ടി വരുന്നവർ ഒട്ടേറെയാണ്. കുമ്മങ്കോട്, തണ്ണീർപന്തൽ, വില്യാപ്പള്ളി തുടങ്ങിയ പ്രധാന ടൗണുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിനിരുവശവും ഒട്ടേറെ വീടുകളുമുണ്ട്. ചില സ്ഥലങ്ങളിൽ 15 മീറ്റർ വീതി നിലവിലുണ്ട്.
എന്നാൽ, ചില സ്ഥലങ്ങളിൽ എട്ടുമീറ്റർപോലും വീതിയില്ല. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ യോഗംചേർന്ന് കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്.
12 മീറ്ററിൽ റോഡുനവീകരണം ഒരുനിലയ്ക്കും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നാണ് കർമസമിതിയുടെ തീരുമാനം.
10 മീറ്ററായി ചുരുക്കണമെന്നതാണ് ആവശ്യം. ഒപ്പം ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. റോഡുവികസനത്തിൽ എതിരല്ലെന്ന് കർമസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ പ്രക്ഷോഭത്തിന് തുടക്കമിടാനാണ് കർമസമിതി തീരുമാനം. വടകര-വില്യാപ്പള്ളി-ചേലക്കാട് റൂട്ടിലെ വീതികുറഞ്ഞ അങ്ങാടികളിലൊന്നായ കുമ്മങ്കോട് അങ്ങാടി
Discussion about this post