ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ, പുരുഷ മേധാവിത്വ സമൂഹത്തിന്റെ അപാകതകൾ, ദുരഭിമാനക്കൊലകൾ, ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ അവസ്ഥ എന്നിവ സമർത്ഥമായി അവതരിപ്പിക്കുന്ന ഹിന്ദിയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലർ സിനിമയാണ് ‘NH10’.
ദമ്പതികളായ മീരയും (അനുഷ്‌ക ശർമ്മ) അർജുനും (നീൽ ഭൂപാലം) ഗുർഗാവിൽ നിന്ന് മീരയുടെ പിറന്നാൾ ആഘോഷിക്കുന്നതിന് NH 10 വഴി ഒരു trip പോകുന്നു.
വഴിയിൽ അവർ ചായ കുടിക്കാൻ ഒരു ധാബയിൽ കയറുന്നു. അവിടെ ചിലർ ഒരു പെൺകുട്ടിയെയും ഒരു ആൺകുട്ടിയെയും അക്രമിക്കുന്നത് കണ്ട് അർജുൻ അതിൽ ഇടപെടുന്നു. അക്രമികളിൽ നിന്നുമുള്ള മോശം പ്രതികരണം കാരണം അർജുൻ അക്രമികളെ പിന്തുടരുന്നു. തുടർന്നുള്ള മണിക്കൂറുകൾ അർജുനും മീരയ്ക്കും നരകമാണ് സമ്മാനിക്കുന്നത്. കാട്ടിലൂടെയും ഗ്രാമങ്ങളിലൂടെയും അലഞ്ഞുതിരിയുന്ന അവർ കാട്ടുഭരണം നടക്കുന്ന ഒരു ഇന്ത്യയെയാണ് കാണുന്നത്. ‘വെള്ളവും വൈദ്യുതിയും എത്താത്ത ഗ്രാമത്തിൽ പിന്നെങ്ങനെ ഭരണഘടന എത്തിച്ചേരും?’
വിദ്യാസമ്പന്നരും തൊഴിൽ ചെയ്യുന്നവരുമായ വനിതാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മീരയാണ് ഈ ചിത്രത്തിലെ നായിക. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് അവൾ ജീവിതം നയിക്കുന്നത് .പരസ്യമായി സിഗരറ്റ് വലിക്കാൻ മടിക്കാത്തവളാണവൾ . അവളെ സംബന്ധിച്ചിടത്തോളം തിളങ്ങുന്ന മാളുകളും മെട്രോ നഗരങ്ങളുമാണ് ഇന്ത്യ.
നഗരങ്ങളിലെ ഷോപ്പിംഗ് മാളുകൾ അവസാനിക്കുന്നിടത്ത് ഇന്ത്യയുടെ മറ്റൊരു മുഖമാണ് ഈ ചിത്രത്തിൽ പുറത്തുവരുന്നത്. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ എത്തുമ്പോൾ സ്ത്രീകളുടെ അവസ്ഥ ഭയാനകമാണ്. ( നഗരവും ഭദ്രമല്ല എന്ന് സിനിമയുടെ തുടക്കത്തിൽ കാണിച്ചു തരുന്നുണ്ട് ) . അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല. മറ്റൊരു ജാതിയിൽ പെട്ടവരെ വിവാഹം കഴിക്കുന്ന പ്രിയപ്പെട്ടവരെ മാന്യത സംരക്ഷിക്കാൻ കൊല ചെയ്യാൻ മടിക്കാത്ത ഒരു ജനതയെ നമുക്ക് ഈ സിനിമയിൽ കാണാൻ കഴിയും . സ്ത്രീകളുടെ നേരെയുള്ള പുരുഷന്മാരുടെ വികലമായ ചിന്തകൾ ടോയ്‌ലറ്റിന്റെ ചുവരുകളിൽ എഴുതിപ്പിടിപ്പിക്കുന്ന പുരുഷൻമാരെയും നമുക്കിതിൽ കാണാൻ കഴിയും .
ഗുണ്ടകളിൽ നിന്നും രക്ഷപ്പെട്ട് മീര പോലീസിൽ എത്തുമ്പോൾ, സഹായിക്കുന്നതിനുപകരംപോലീസ് അവളെ ഗുണ്ടകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. താഴ്ന്ന ജാതിയിൽ പെട്ടവർ തങ്ങളുടെ ( ഉന്നത ജാതിയിൽ പെട്ടവരുടെ ) മക്കളെ വിവാഹം ചെയ്താൽ ഗ്രാമവാസികൾ ഹുക്കയും വെള്ളവും അവർക്ക് നൽകില്ലെന്ന് പോലീസ് ഭയപ്പെടുന്നു. നഗരത്തിൽ താമസിക്കുന്ന മീര ഇങ്ങിനെയൊരു സാഹചര്യം നേരിടുന്നത് ഇതാദ്യമായിരിക്കും . ഇതിനെല്ലാം ഇടയിൽ, മീരയുടെയും അർജുന്റെയും പിന്നാലെ ഓടുന്ന ഗുണ്ടകൾ സിനിമയ്ക്ക് തെല്ലൊന്നുമല്ല ഉദ്വേഗം സൃഷ്ടിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ശർമ്മയാണ്. മീരയും അർജുനും അനുഭവിക്കുന്ന/ സാക്ഷ്യം വഹിക്കുന്ന സംഭവങ്ങൾ അവരെപ്പോലെ പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്നതാണ്. ആദ്യ പകുതി പിന്നിടുമ്പോൾ സിനിമ നായികാ പ്രാധാന്യമുള്ളതായി മാറുന്നു .
സിനിമയുടെ ജീവനായ തിരക്കഥയ്ക്ക് സംവിധായകൻ നവദീപ് സിംഗ് യാഥാർത്ഥ്യത്തിന്റെ സ്പർശം നൽകി. യഥാർത്ഥ ലൊക്കേഷനുകൾ സിനിമയെ മൂർച്ചയുള്ളതാക്കുന്നു. അക്രമാസക്തമായ രംഗങ്ങൾ സംവിധായകൻ ഒഴിവാക്കിയിട്ടില്ല. സിനിമയിലെ അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ക്രൂരതയുടെയും രംഗങ്ങൾ അസ്വസ്ഥതയുണ്ടാക്കും. അർജുൻ ഗുണ്ടകളെ പിന്തുടരുന്നതിന്റെ കാരണം അതിക്രമത്തിനെതിരെയുള്ള പ്രതികരണം എന്നതിൽ ഉപരി മെയിൽ ഈഗോ തന്നെയായിരിക്കും .
വേദനകൊണ്ട് തളർന്ന രക്തത്തിൽ മുങ്ങിയ മീരയുടെ കഥാപാത്രം അനുഷ്ക ശർമ്മ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തിളക്കം വ്യക്തമായി കാണാം. എല്ലാ വികാരങ്ങളും അവൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ക്രൂരനായ ഹരിയാൻവി യുവാവിന്റെ വേഷത്തിൽ ദർശൻ കുമാർ മികച്ച പ്രകടനം കാഴ്ച വെച്ചു. നീൽ ഭൂപാലം, ദീപ്തി നാവൽ തുടങ്ങി എല്ലാ അഭിനേതാക്കളും അവരുടെ ഭാഗം വളരെ തീക്ഷ്ണമായി കൈകാര്യം ചെയ്തിട്ടുണ്ട്. റോഡ് മൂവി ഗണത്തിൽ പെട്ട രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാൻ കഴിയുന്ന ഒരു ത്രില്ലറാണ്
Discussion about this post