തയ്യാറാക്കിയത്: രാഗേഷ് അഥീന
കുട്ടിക്കാലത്ത് കേട്ട കഥയ്ക്ക് ജീവൻ നൽകിയ ഒരു കലാകാരനെ തേടി പോകുന്ന ഒരു യുവതിയുടെ കഥയാണ് ‘മാര’.
കഥ കേൾക്കാൻ ആഗ്രഹമുള്ള പാറു (ശ്രദ്ധ ശ്രീനാഥ്) എന്ന പാർവ്വതി കുട്ടിക്കാലത്ത് അമ്മയോടൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ സമീപത്ത് ഇരിക്കുന്ന കന്യാസ്ത്രീ ഒരു പട്ടാളക്കാരന്റെ കഥ അവൾക്ക് പറഞ്ഞു കൊടുക്കുന്നു . മുത്തശ്ശിയിൽ നിന്നും കേൾക്കുന്ന കേട്ടു പഴകിയ രാജാവിൻ്റെയും കുറുക്കൻ്റെയും കഥയിൽ നിന്നും വ്യത്യസ്തമായി അത് പാറുവിന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു. പാറു വളരുന്നു. പക്ഷെ ആ കഥ മാത്രം അവൾ മറന്നില്ല. പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആർക്കിടെക്ടാണ് അവളിപ്പോൾ . വിവാഹാലോചനയിൽ നിന്നും തൽക്കാലം രക്ഷപ്പെടാൻ ചെന്നൈ വിട്ട് ഒരു സുഹൃത്തിന്റെ സഹായത്തോടെ അവൾ താമസിക്കാൻ കൊച്ചിയിൽ ഒരു വീട് വാടകയ്ക്ക് കണ്ടെത്തുന്നു.
കുട്ടിക്കാലത്ത് ബസിൽ നിന്നും കേട്ട കഥയിലെ രംഗങ്ങൾ അവിടത്തെ കെട്ടിടങ്ങളിൽ വരച്ചിരിക്കുന്നത് കണ്ട് അവൾ അത്ഭുതപ്പെടുന്നു. മാരാ (മാധവൻ) എന്ന വ്യക്തി താമസിച്ചിരുന്ന വീട്ടിലാണ് അവളിപ്പോൾ താമസിക്കുന്നത് .
മാര ചിത്രീകരിച്ച ഒരു യഥാർത്ഥ കഥയുടെ ചിത്രകഥാ പുസ്തകം അവൾക്ക് ആ വീട്ടിൽ നിന്ന് ലഭിക്കുന്നു . പക്ഷേ, ഉദ്വേഗം നിറഞ്ഞ ആ കഥ അപൂർണ്ണമായിരുന്നു . കഥയുടെ തുടർച്ചയ്ക്കായി ആകാംക്ഷാഭരിതയായി അവൾ സ്ഥലത്തെ പലരുടെയും ജീവിതത്തെ സ്പർശിച്ച ദുരൂഹത നിറഞ്ഞ കലാകാരനായ മാരയെ കണ്ടെത്താൻ ശ്രമിക്കുന്നു. അവൾ മാര വരച്ച ചിത്രങ്ങളിലെ വ്യക്തികളെ ഓരോരുത്തരെ കണ്ടെത്തി മാരയെ കാണാനുള്ള തന്റെ തിരച്ചിൽ ആരംഭിക്കുന്നു. ആ ചിത്രകഥയുടെ തുടർച്ചയെന്താണ് ? അവൾ മാരയെ കണ്ടുമുട്ടിയോ? കുട്ടിക്കാലത്ത് അവൾ കേട്ട കഥ എങ്ങനെയാണ് മാരയ്ക്ക് ചിത്രീകരിക്കാൻ കഴിഞ്ഞത്, ? ആ കഥയും മാരയും തമ്മിൽ എന്താണ് ബന്ധം ? തുടങ്ങിയ ചോദ്യങ്ങൾക്ക് മാര എന്ന സിനിമ ഉത്തരം നൽകുന്നു.
ദുൽക്കർ സൽമാൻ, പാർവതി മേനോൻ, അപർണ ഗോപിനാഥ്, നെടുമുടി വേണു എന്നിവർ അഭിനയിച്ച മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2015 ൽ മലയാളത്തിൽ പുറത്തിറങ്ങിയ ചാർലി എന്ന സിനിമയാണ് നവാഗതനായ ദിലീപ് കുമാർ തമിഴിൽ പുനർനിർമ്മിച്ചത്. സിനിമ അതേപടി റീമേക്ക് ചെയ്യാതെ തിരക്കഥയിൽ അനവധി മാറ്റങ്ങൾ വരുത്തിയാണ് മാര തമിഴിൽ ചിത്രീകരിച്ചത്.
ഒരു സിനിമ റീമേക്ക് ചെയ്താൽ അതിനെ യഥാർത്ഥ സിനിമയുമായി താരതമ്യം ചെയ്യുക സാധാരണമാണ്. റീമേക്ക് ചെയ്ത സിനിമ മിക്കപ്പോഴും Copy , paste ആയി മാറുമ്പോൾ മാര എന്ന സിനിമ എത്രമാത്രം ഒറ്റയ്ക്ക് നിൽക്കുന്നുവെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് . സാധാരണ ഗതിയിൽ റീമേക്ക് സിനിമകൾ യഥാർത്ഥ സിനിമയുടെ നിലവാരം പുലർത്താറില്ല എന്നത് വസ്തുതയാണെങ്കിലും ആ ദുരന്തത്തിൽ ‘മാര’ ഉൾപ്പെട്ടിട്ടില്ല എന്നാണ് നമുക്ക് അനുഭവിക്കാൻ കഴിയുന്നത്. എന്നാൽ ഒറിജനിലെ അവിസ്മരണീയമായ ചില മുഹൂർത്തങ്ങൾ മാരയിൽ കൊണ്ടുവരുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നുണ്ട് എന്നത് വലിയൊരു പോരായ്മയാണ് എങ്കിലും ഒറിജിനലിനേക്കാൾ മനോഹരമായ പല കഥാഗതികളും സൗന്ദര്യവും മാരയിൽ കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.
ചാർലി എന്ന കഥാപാത്രത്തെ ഒരു പ്രഹേളികയായി സിനിമ നിലനിർത്താൻ ശ്രമിച്ചപ്പോൾ, ആ കഥാപാത്രം ആരാണെന്ന് ഡീകോഡ് ചെയ്യാൻ മാര ശ്രമിക്കുന്നു.
ആഘോഷം, ഉൻമാദം , ആവേശം എന്നിങ്ങനെയുള്ള ചാർലിയുടെ കഥാപാത്രത്തിനുണ്ടായിരുന്ന സ്വഭാവ വിശേഷം മാരയ്ക്ക് ഇല്ല. നേരെമറിച്ച്, പക്വതയും പാകതയും കുറെയധികം കൂടുതൽ ദൃശ്യവുമാണ്. അതുകൊണ്ടാണ് അവൻ എല്ലാവരെയും ശാന്തമായി നേരിടുന്നത്. മാധവന്റെ കഥാപാത്രം മാധവന്റെ പ്രായം കണക്കിലെടുത്താണ് രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും, നാടോടിയുടെ വ്യാകരണത്തിന് അത് ഒട്ടും ചേരുന്നില്ല. ചാർലിയിലെ സ്വതന്ത്രനായ ജിപ്സിക്കുപകരം, ഖേദത്താൽ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ മാത്രമാണ് മാര .
മാര നായിക പ്രാധാന്യമുള്ള സിനിമയാണ്. ചാർലിയേക്കാൾ, നായികയ്ക്ക് പ്രാധാനം കൊടുത്ത് തിരക്കഥയിൽ വലിയ മാറ്റം വരുത്തിയാണ് മാര ചിത്രീകരിച്ചിരിക്കുന്നത്.
അലക്സാണ്ടർ ബാബു , മൗലി, അഭിരാമി , കിഷോർ കുമാർ, രാജേഷ് ശർമ്മ , സുർജിത്ത് തുടങ്ങി എല്ലാവരും അവരുടെ വേഷങ്ങൾ മനോഹരമാക്കിയെങ്കിലും ചാർലിയിലെ കൽപ്പന ചെയ്ത കഥാപാത്രത്തിന് പകരക്കാരിയാവാൻ അഭിരാമിയ്ക്ക് കഴിഞ്ഞതായി തോന്നിയില്ല . പാത്ര സൃഷ്ടിയിൽ വരുത്തിയ മാറ്റവും ചില മുഹൂർത്തങ്ങൾ ചിത്രീകരിച്ചതിലുള്ള വ്യത്യാസവുമായിരിക്കാം അതിന് കാരണം . തന്റെ കുറ്റബോധം ശരിയായി പ്രകടിപ്പിച്ചുകൊണ്ട് ശിവദ അവളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
ദിനേശ് കൃഷ്ണൻ, കാർത്തിക് മുത്തുകുമാർ എന്നിവരുടെ ഛായാഗ്രഹണവും അജയന്റെ കലാസംവിധാനവും നിറങ്ങളാൽ സമ്പന്നമായ വർണ്ണ പാലറ്റ് ആണ് നമുക്ക് സമ്മാനിക്കുന്നത് . ജിബ്രാന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥാസന്ദർഭവുമായി പൊരുത്തപ്പെടുന്നുണ്ട്.
ചാർലി എന്ന സിനിമ പുന:സൃഷ്ടിച്ചപ്പോൾ അത് അതിൻ്റെ ആത്മാവിനെ വികൃതമാക്കിയില്ല എന്നതാണ് മാര എന്ന സിനിമയുടെ വിജയം.
ചാർലി എന്ന സിനിമയുടെ മനോഹാരിതയിൽ ലയിച്ചവർക്ക് പോലും മാര എന്ന സിനിമ പുതുമയുള്ളതായിരിക്കും
Discussion about this post