ശാസ്താംകോട്ട : മണ്‍റോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. രണ്ടുപേരെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവരെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ ബന്ധുക്കളെത്തി വീട് പരിശോധിച്ചപ്പോൾ കതക് അടഞ്ഞ നിലയിലായിരുന്നു. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കതക് തുറന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിലാസിനിയുടെ മൃതദേഹവും കണ്ടെത്തി. ഭാര്യയെ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമന്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ വിലാസിനിയുടെ തലയിൽ ആഴത്തിൽ വെട്ട്കൊണ്ടിട്ടുണ്ട്. കൂടാതെ വീടിന്റെ ഭിത്തിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ പോവുകയാണെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സ്വത്തുക്കള്‍ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
Discussion about this post