പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന പേരാമ്പ്ര ബൈപ്പാസിന്റെ നിർമാണപുരോഗതി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. വിലയിരുത്തി. റോഡിന്റെ നിർമാണം നടക്കുന്ന ഭാഗങ്ങൾ എം.എൽ.എ. സന്ദർശിച്ചു. മരങ്ങൾ മുറിച്ചുമാറ്റി പാതയൊരുക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പേരാമ്പ്ര എൽ.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാടുവരെ 12 മീറ്റർ വീതയിൽ 2.768 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമിക്കുന്നത്. ബി.എം., ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡിനുമാത്രം ഏഴുമീറ്റർ വീതി വരും. വെള്ളിയോടൻകണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്ക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുക. 99.15 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്.
പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ എം.എൽ.എ.യും നിർമാണമേൽനോട്ടം വഹിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡി. എൻജിനിയർമാരും പങ്കെടുക്കും.
പാതയൊരുക്കലിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ എത്രയും വേഗം നീക്കംചെയ്യാൻ എം.എൽ.എ. നിർദേശം നൽകി. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മുൻ എം.എൽ.എ. എ.കെ. പത്മനാഭൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി എൻജിനിയർമാരായ കെ. അഭിലാഷ്, സാരംഗ് സുമോഹൻ തുടങ്ങിയവർ എം.എൽ.എ.ക്കൊപ്പമുണ്ടായിരുന്നു.
Discussion about this post