പേരാമ്പ്ര: ഒന്നരവർഷം മുമ്പായിരുന്നു പേരാമ്പ്ര നഗരത്തിൽ പഞ്ചായത്തിന്റെ ടൗൺഹാൾ പ്രവർത്തനമാരംഭിച്ചത്. 2020 മാർച്ച് എഴിന് ഹാൾ ഉദ്ഘാടനംചെയ്തതിന് തൊട്ടുപിന്നിലെ കോവിഡ് ലോക് ഡൗണിലേക്ക് പോയി. ഇതോടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു വരുമാനംപോലുമില്ലാത്ത അവസ്ഥയായി.
ടൗൺഹാൾ നടത്തിപ്പുചുമതല ഒരുവർഷത്തേക്ക് 78 ലക്ഷം രൂപക്ക് ലേലംചെയ്തയുടനെയാണ് കോവിഡ് വന്നത്. ഇതിനുപിന്നാലെ ടൗൺഹാൾ അടച്ചിടേണ്ടിവന്നതിനാൽ ലേലം ഒഴിവാക്കി കൊടുക്കേണ്ടിവന്നു. ഈവർഷവും 48 ലക്ഷം രൂപയ്ക്ക് ലേലംചെയ്തെങ്കിലും രണ്ടാം കോവിഡ് തരംഗം വന്നതോടെ അതും ഒഴിവാക്കി. ഇങ്ങനെ വരുമാനമായി ലഭിക്കേണ്ടിയിരുന്ന വലിയ തുക പഞ്ചായത്തിന് നഷ്ടമായി.
നേരത്തേയുണ്ടായിരുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് പഞ്ചായത്തിന്റെ കാർഷിക വിപണന സമുച്ചയത്തിന്റെ ഭാഗമായി ടൗൺഹാൾ നിർമിച്ചത്. പഞ്ചായത്തിന്റെ തനതുഫണ്ടും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അഞ്ചുകോടി രൂപ വായ്പയുമടക്കം 12 കോടി രൂപയോളം സമുച്ചയ നിർമാണത്തിനായി ചെലവഴിച്ചു. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നുള്ള നല്ലൊരു തുക ഇതിനായി ചെലവഴിച്ചതോടെ മറ്റുവികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പ്രയാസം നേരിടുന്ന സ്ഥിതിയാണിപ്പോൾ. കോർപ്പറേഷനിൽനിന്ന് വായ്പയെടുത്ത ഇനത്തിൽ വർഷത്തിൽ പലിശയിനത്തിൽമാത്രം ഒരുകോടിയോളം രൂപ തിരിച്ചടയ്ക്കണം. ഏഴുവർഷംകൊണ്ടാണ് തിരിച്ചടവ് പൂർത്തിയാക്കേണ്ടത്.
2010-2015 ഭരണസമിതിയുടെ കാലത്താണ് സമുച്ചയനിർമാണം തുടങ്ങിയത്. നേരത്തേയുള്ള അടങ്കലിൽ പുതിയ പ്രവൃത്തികൾ പിന്നീട് ഉൾപ്പെടുത്തേണ്ടിവന്നതോടെ തുകയിലും വർധനയുണ്ടായി. കാർഷിക വിപണനസമുച്ചയത്തിലെ പൈതോത്ത് റോഡിന് അഭിമുഖമായുള്ള ബ്ലോക്കിന്റെ പണി പൂർത്തീകരിച്ച് ആദ്യം തുറന്നുനൽകിയിരുന്നു. മൂന്നുനിലകളിൽ 21 കടമുറികളാണ് ഇതിലുള്ളത്. ടൗൺഹാൾ കെട്ടിടത്തിന്റെ പിറകുവശത്തും 12 കടമുറികൾ നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നുള്ള വാടകവരുമാനം മാത്രമാണ് പഞ്ചായത്തിന് ആശ്വാസം. ഇതിലെ എല്ലാമുറികളും ഇനിയും വാടകയ്ക്ക് നൽകാനുമായിട്ടില്ല. മാത്രമല്ല, വായ്പാതിരിച്ചടവിനെക്കാൾ കുറഞ്ഞ തുകയാണ് വാടകയിനത്തിൽ ലഭിക്കുന്നത്.
Discussion about this post