ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം.
നിര്‍മാതാവ് ഹരിപോത്തന് മൂത്ത സഹോദരന് ആണ്. ഊട്ടിയിലെ ലോറന്‍സ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന് തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.
1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
Discussion about this post