തിക്കോടി: തിക്കോടി ബീച്ച് ടൂറിസം വികസന പദ്ധതിക്ക് 93 ലക്ഷം രൂപ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ഇതോടെ കൊയിലാണ്ടി മണ്ഡലത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം പോലെ തിക്കോടി ബീച്ചിലും ടൂറിസം വികസനത്തിന് തുടക്കമാവുകയാണ്. കിറ്റ്കൊ തയ്യാറാക്കിയ 93 ലക്ഷത്തിന്റെ വികസന പദ്ധതികൾക്കാണ് ഇപ്പോൾ ഭരണാനുമതിയായത്.
ജില്ലയിലെ ഡ്രൈവ് ഇൻ ബീച്ച് ആയി അറിയപ്പെടുന്ന ഇവിടേക്ക് ഒഴിവ് ദിനങ്ങളിൽ ധാരാളം പേർ എത്തിച്ചേരാറുണ്ട്. തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണം ഉള്ളതിനാൽ അംഗീകൃതമായ നിർമ്മാണങ്ങളാണ് ബീച്ചിൽ നടക്കുക.
ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, മുള കൊണ്ടുള്ള വേലികൾ, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള ടാങ്ക്, ശൗചാലയം, കുട്ടികൾക്ക് കളിക്കാനുതകുന്ന ഉപകരണങ്ങൾ സ്ഥാപിച്ച പാർക്ക് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുക. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തികൾ ഉടൻ ടെണ്ടർ ചെയ്യുമെന്ന് എം.എൽ.എ. അറിയിച്ചു
Discussion about this post