തിരുവനന്തപുരം: അനധികൃത പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണെന്നും അര്‍ഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും അത് റദ്ദാക്കണമെന്നും മന്ത്രി ഇസ്മയില്‍ പറഞ്ഞു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ റവന്യൂ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ. ഇസ്മയില്‍. വി.എസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ പട്ടയം അനുവദിക്കുന്ന കാലത്ത് ഇസ്മയിലായിരുന്നു സംസ്ഥാന റവന്യൂമന്ത്രി.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങളായി കുടില്‍ക്കെട്ടി താമസിക്കുന്ന തികച്ചും അര്‍ഹരായവര്‍ക്കാണ് അന്ന് പട്ടയം കൊടുത്തത്. അതില്‍ കുറച്ച് കൂടുതല്‍ സ്ഥലമുണ്ടെന്ന് പറയുന്ന ഒരു പട്ടയം ഒന്ന് സിപിഎം ഓഫീസിന്റേതാണ്. വെറെ നിവര്‍ത്തിയില്ലാതെ വ്യക്തികള്‍ കൈവശപ്പെടുത്തി താമസിക്കുന്ന സ്ഥലങ്ങള്‍ക്കാണ് സാധാരണഗതിയില്‍ പട്ടയം കൊടുക്കേണ്ടത്. എന്നാല്‍ സിപിഎം ഓഫീസും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കെ.ഇ. ഇസ്മയില്‍ പറഞ്ഞു.
സിപിഎം ഓഫീസിന്റെ സ്ഥലം എത്രയോ കാലമായി കൈവശമുള്ളതും കെട്ടിടം കെട്ടുകയും ചെയ്തതാണ്. പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്ന ആ സ്ഥലം കൊടുക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല. അന്ന് പട്ടയങ്ങള്‍ കൊടുക്കുന്നതില്‍ ഒരു ന്യൂനതയും ഉണ്ടായിരുന്നില്ല. അതിനുശേഷം രവീന്ദ്രന്‍ ഈ അവസരം ഉപയോഗപ്പെടുത്തി പിന്നീട് അനധികൃതമായി പട്ടയം കൊടത്തിട്ടുണ്ടോ എന്നറിയില്ല.
ആ ഗവണ്‍മെന്റ് പോയി, കളക്ടര്‍ പോയി, രവീന്ദ്രന്‍ റിട്ടയര്‍ ചെയ്തു. ആ സംവിധാനം തന്നെ മാറിമാറി വരികയാണ്. അപ്പോള്‍ പിന്നെ ആ നടപടികളെ ന്യായീകരിക്കാനോ, അന്ന് നടന്ന വസ്തുതകള്‍ എന്താണെന്ന് പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റിനെ സമയാസമയം ബോധ്യപ്പെടുത്താനോ ബാധ്യതയുള്ള ഉദ്യോഗസ്ഥന്മാര്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത് അനധികൃതമായ അവസ്ഥയിലാണെന്ന് പ്രചരണം വരുന്നത്. അതകൊണ്ട് തന്നെ ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post